മുന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകനായ സൂപ്പര്‍ താരത്തിനുള്ള സഞ്ചരിക്കുന്ന ജിംനേഷ്യം പുറത്തിറങ്ങി..വാഹനത്തിന് പ്രേത്യേതകള്‍ ഏറെയുണ്ട്

മുന്‍ പ്രധാനമന്ത്രി എച്ച്‌‍ഡി ദേവഗൗഡയുടെ കൊച്ചുമകനും കന്നഡ സൂപ്പര്‍ താരവുമായ നിഖില്‍ കുമാരസ്വാമിക്ക് വേണ്ടിയുള്ള സഞ്ചരിക്കുന്ന ജിം കോതമംഗലത്ത് നിന്ന് പുറത്തിറങ്ങി. കാരവന്‍ മോഡലില്‍ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള സഞ്ചരിക്കുന്ന മള്‍ട്ടി ജിമ്മാണ് കോതമംഗലം ഓജസില്‍ നിന്ന് പുറത്തിറങ്ങിയത്.

ഈ സഞ്ചരിക്കുന്ന ജിം ഉടന്‍ നിഖിലിന്റെ ലൊക്കേഷനിലേക്ക് പാഞ്ഞെത്തും. 1.75 കോടി മുടക്കിലാണ് ജിം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സഞ്ചരിക്കുന്ന ജിം എന്ന ഖ്യാതിയില്‍ പുറത്തിറക്കിയ ഈ വാഹനം നിര്‍മിച്ചത് ടാറ്റയുടെ 1512 ബസ് ഷാസിയിലാണ്.ബോഡി ബില്‍ഡിങ്ങില്‍ അതീവ ശ്രദ്ധാലുവായ നിഖില്‍ സിനിമാ ചിത്രീകരണത്തിനായി നഗരംവിട്ടു ദൂരെസ്ഥലങ്ങളില്‍ പോകേണ്ടിവരുമ്ബോള്‍ പതിവു വ്യായാമം മുടങ്ങാതിരിക്കാനാണു സഞ്ചരിക്കുന്ന ജിംനേഷ്യം ഒരുക്കിയത്.

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഈ സഞ്ചരിക്കുന്ന ജിമ്മില്‍ ഫിറ്റ് ചെയ്തിരിക്കുന്നത്. റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് ജിമ്മിന്റെ ഡോറും സ്റ്റെപ്പും. പൂര്‍ണ്ണമായും ശീതീകരിച്ച ഇന്റരീയറിന്റെ ഫ്ലോറില്‍ ജിമ്മുകളില്‍ ഉപയോഗിക്കുന്നതരത്തിലുള്ള റബര്‍മാറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ ഇരുവശങ്ങളിലും കണ്ണാടിയുമുണ്ട്.ജിംനേഷ്യത്തോട് ചേര്‍ന്ന് ബാത്ത് റൂമും ഒരുക്കിയിട്ടുണ്ട്. കുളിക്കാനായി ഷവര്‍. ഹീറ്റര്‍, ഫാന്‍, ഫ്‌ളൈറ്റില്‍ ഉപയോഗിക്കുന്നതരം ക്ലോസെറ്റ്, തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. രണ്ട് എല്‍.സി.ഡി. ടെലിവിഷനും സി.സി.ടി.വി. സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

സാധാരണ വാഹനങ്ങളെക്കാള്‍ അല്‍പം ഉയരക്കൂടുതലാണ് ഓജസ് നിര്‍മിച്ച ഈ സഞ്ചരിക്കുന്ന ജിമ്മിന്. ബോഡി ബില്‍ഡിങ് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഉയരം വര്‍ധിപ്പിച്ചത് എന്നാണ് ഓജസ് ഓട്ടോമൊബൈല്‍സ് ഉടമ ബിജു മാര്‍ക്കോസ് പറയുന്നത്.

പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ജിം ഉപകരണങ്ങള്‍ വാഹനത്തില്‍ ഘടിപ്പിക്കുന്നതിനായി ചെറിയ മോഡിഫിക്കേഷനുകളും വരുത്തേണ്ടി വന്നു. സഞ്ചിരിക്കുന്ന ജിം കൂടാതെ ഒരു ക്യാരവാനും നിഖില്‍ കുമാരസ്വമിക്കായി ഓജസില്‍ നിര്‍മിക്കുന്നുണ്ട്.

ഏകദേശം ആറുമാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് ജിം പുറത്തിറങ്ങിയത്. സഞ്ചരിക്കുന്ന ജിം എന്ന ആശയവുമായി ഡിസി പോലുള്ള രാജ്യത്തെ പ്രമുഖ വാഹന മോഡിഫിക്കേഷന്‍ വര്‍ക്ക്ഷോപ്പുകളെ സമീപിച്ചിരുന്നുവെങ്കിലും അവരുടെ വര്‍ക്കുകളില്‍ താല്‍പര്യം തോന്നാത്തതിലാണ് ഓജസിനെ സമീപിച്ചത് എന്നാണ് വാഹനം ബാംഗ്ലൂരിവിലേക്ക് കൊണ്ടുപോകാനെത്തിയ നിഖില്‍ കുമാരസ്വാമിയുടെ മാനേജര്‍ പറയുന്നത്.