കോലമാവ് കോകിലയിലെ കല്യാണ വയസ് ഇംഗ്ലീഷ് പാട്ടില്‍ നിന്ന് അടിച്ചു മാറ്റിയത് !!; വിശദീകരണവുമായി അനിരുദ്ധ്


നയന്‍താര ചിത്രം കോലമാവ് കോകിലയിലെ കല്യാണ വയസ് എന്ന് തുടങ്ങുന്ന പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ നൊടിയിട കൊണ്ട് വൈറലായ പാട്ട് വിവാദങ്ങളില്‍ പെടുകയും ചെയ്തു. നടന്‍ ശിവകാര്‍ത്തികേയന്‍ എഴുതിയ വരികള്‍ക്ക് അനിരുദ്ധ് ഈണമിട്ട് പാടിയ പാട്ടാണിത്. നയന്‍താരയും കൊമേഡിയനായ യോഗി ബാബുവുമാണ് ഈ പാട്ടില്‍ അഭിനയിച്ചിരിക്കുന്നത്.

സാനന്റെ ഇംഗ്ലീഷ് പാട്ടായ ഡോണ്ട് ലൈയുമായി പാട്ടിന്റെ ഈണത്തിന് സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആക്ഷേപം. ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി അനിരുദ്ധ് തന്നെ രംഗത്ത് എത്തി. ട്വിറ്ററിലൂടെയായിരുന്നു അനിരുദ്ധിന്റെ പ്രതികരണം.

നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രമാണ് കോലമാവ് കോകില. മയക്കുമരുന്നു വ്യാപാരിയുടെ കഥാപാത്രമായാണ് നയന്‍ അഭിനയിക്കുന്നത് എന്നാണ് ലഭിക്കുന്ന പ്രാഥമിക സൂചനകള്‍. ശക്തമായ സ്ത്രീകേന്ദ്രീകൃത കഥാപാത്രമായി നയന്‍താര അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ നയന്‍ നായികയായ അറം വലിയ ഹിറ്റായിരുന്നു.