ആര്യ അത്ര സന്തോഷവാനല്ല, സാമ്പത്തിക സമ്മര്‍ദം ഉണ്ടായെന്ന് കരുതുന്നു- അബര്‍നദി

തന്റെ വധുവിനെ കണ്ടെത്താനെന്ന പേരില്‍ നടത്തിയ റിയാലിറ്റി ഷോ വിജയിയെ പ്രഖ്യാപിക്കാതെ അവസാനിപ്പിച്ചതിന്റെ പേരില്‍ നടന്‍ ആര്യ ഇപ്പോഴും വിവാദങ്ങളില്‍ നിന്ന് പുറത്തുകടന്നിട്ടില്ല. ഫൈനലിനു മുമ്ബ് പുറത്താക്കപ്പെട്ടെങ്കിലും പ്രേക്ഷകര്‍ ഏറെ ശ്രദ്ധിച്ച മല്‍സരാര്‍ത്ഥിയായിരുന്നു അബര്‍നദി. മറ്റു മല്‍സരാര്‍ത്ഥികളെല്ലാം കടുത്ത എതിര്‍പ്പാണ് അബര്‍നദിക്ക് നേരേ പ്രയോഗിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയുന്ന അവരുടെ പ്രകൃതം ചില ഘട്ടങ്ങളില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു. പുറത്താകുന്ന വേളയില്‍ ഏറെ കരഞ്ഞ് തന്റെ വിസമ്മതം പ്രകടമാക്കിയ ശേഷമാണ് അബര്‍നദി പോയത്. ഇപ്പോള്‍ ഷോ കഴിഞ്ഞ് രണ്ട് മാസത്തോളമാകുമ്ബോഴും ആര്യയെ മാത്രമേ വിവാഹം കഴിക്കൂവെന്നാണ് അബര്‍നദി പറയുന്നത്. ഒരു തമിഴ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിയാലിറ്റി താരത്തിന്റെ തുറന്നു പറച്ചില്‍. ഷോയ്ക്ക് വരുമ്ബോള്‍ ആര്യയോട് ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നീടത് പ്രണയമായി. ഇഷ്ടപ്പെട്ടു കൊണ്ട് ആര്യയെ ഉമ്മ വെച്ചതും കെട്ടിപ്പിടിച്ചതുമൊന്നും തെറ്റായി തോന്നിയിട്ടില്ല. ആര്യ തയാറല്ലെങ്കില്‍ വിവാഹിതയാകാതെ ഒറ്റയ്ക്ക് താമസിക്കുമെന്നും വിവാഹത്തേക്കാള്‍ പ്രാധാന്യത്തോടെ ചെയ്തു തീര്‍ക്കാന്‍ ഇപ്പോള്‍ കാര്യങ്ങളുണ്ടെന്ന് കരുതുന്നതായും അബര്‍നദി പറഞ്ഞു.

ആര്യ തന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ടെന്നും വിവാഹം കഴിക്കുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും അബര്‍നദി ആവര്‍ത്തിച്ചു. ആര്യയുടെ സുഹൃത്തുക്കളും ആര്യക്ക് താല്‍പ്പര്യമാണെന്ന തരത്തില്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. ഷോയില്‍ വന്നതിനു ശേഷം ആര്യക്ക് ചില സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കരുതുന്നു. പലരും കരുതുന്നതു പോലെ അദ്ദേഹം സന്തോഷവാനായല്ല ഉള്ളതെന്നും സമ്മര്‍ദമനുഭവിക്കുന്നുണ്ടെന്നും അബര്‍നദി കൂട്ടിച്ചേര്‍ത്തു.
ഷോയ്ക്കു ശേഷം ആര്യയുമായി സംസാരിച്ചിട്ടില്ല. ഇപ്പോള്‍ താന്‍ കൂടുതല്‍ കരുത്തയാണെന്നും സുഖമായിരിക്കുന്നുവെന്നും അബര്‍നദി പറയുന്നു.